ഒന്നാം ക്ലാസിന്റെ ബ്ലോഗിലേക്ക് എല്ലാവർക്കും സ്വാഗതം

ഇന്ന് ഈസ്റ്റർ

Share it:
യേശു ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ  ഓർമ്മ കൊണ്ടാടുന്ന ദിനമാണ്‌ ഈസ്റ്റർ  (Easter). ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ്‌ ഈസ്റ്റർ ആചരിക്കുന്നത്. ഭൂരിപക്ഷം ക്രിസ്തുമത വിശ്വാസികളും ഈ‍ ദിവസം സുപ്രധാന പുണ്യദിനമായി ആഘോഷിക്കുന്നു. തിന്മയുടെയും അസത്യത്തിന്റെയും ജയം താൽക്കാലികം ആണെന്നും ഭൂരിപക്ഷത്തോടൊപ്പം വളഞ്ഞവഴികൾ തേടാതെ കഷ്ടങ്ങൾ സഹിച്ചും സത്യത്തിനു വേണ്ടി നില നിൽക്കണം എന്നും ആണ് ഈസ്റ്റർ നമുക്കു നൽകുന്ന രണ്ടു സുപ്രധാന പാഠങ്ങൾ.

ഈസ്റ്റർ ആചരണത്തിന്റെ ചരിത്രം
ആദ്യ നൂറ്റാണ്ടിൽ റോമിലെ ക്രിസ്ത്യാനികൾ ഈസ്റ്റർ ദിനത്തെ വിളിച്ചിരുന്നത് ആനന്ദത്തിന്റെ ഞായർ എന്നായിരുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രമർമ്മമായ പുനരുത്ഥാനത്തെ അനുസ്മരിക്കുന്ന ഈ ദിവസത്തിൽ ആദിമ പൗരസ്ത്യ സഭകളിലെ വിശ്വാസികൾ പരസ്പരം ഉപചാരം കൈമാറിയിരുന്നത് ഒരു വിശ്വാസപ്രഖ്യാപനത്തിലൂടെയാണ്. 'ക്രിസ്തു ഉയിർത്തെഴുന്നേറ്റു' എന്നൊരാൾ പറയുമ്പോൾ 'സത്യം സത്യമായ് അവിടുന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു' എന്ന് മറ്റേയാൾ പ്രതിവചിക്കുമായിരുന്നത്രേ.[2] ആദ്യത്തെ മൂന്ന് നൂറ്റാണ്ടുകളിൽ പാസ്ക്ക (Pascha) എന്ന പേരിൽ ഈസ്റ്റർ ആചരിച്ചിരുന്നു. പാസ്ക്ക എന്ന പദം യഹൂദരുടെ പെസഹാ  ആചരണത്തിൽ നിന്നാണ് ഉരുവായത്. ഈ പാസ്ക്ക പെരുന്നാൾ പീഡാനുഭവും മരണവും ഉയിർപ്പും ചേർന്ന ഒരു സമഗ്ര ആഘോഷമായിരുന്നു. നാലാം നൂറ്റാണ്ടു മുതൽ ദുഃഖവെള്ളി വേറിട്ട് ആഘോഷിച്ച് തുടങ്ങി. ഇംഗ്ലണ്ടിലെ ആംഗ്ലോ-സാക്സോണിയന്മാർ ഈയോസ്റ്ററേ എന്ന ദേവതയെ ആരാധിച്ചിരുന്നു. ഈയോസ്റ്ററേ ദേവതയുടെ പ്രീതിക്കായുള്ള യാഗങ്ങൾ ഏറെയും നടന്നിരുന്ന മാസത്തെ ഈസ്റ്റർ മാസം  എന്നാണറിയപ്പെട്ടിരുന്നത്. പിന്നീട് ക്രിസ്തുമതം അവിടെ പ്രചരിച്ചപ്പോൾ ഈസ്റ്റർ മാസത്തിൽതന്നെ ആചരിച്ചിരുന്ന ക്രിസ്തുവിന്റെ പുനരുത്ഥാനപ്പെരുന്നാളിനെ ഈസ്റ്റർ എന്നു വിളിച്ചു തുടങ്ങുകയും പിന്നീടത് സാർവത്രികപ്രചാരം നേടുകയും ചെയ്തു. സുറിയാനി പാരമ്പര്യത്തിലുള്ള സഭകൾക്കിടയിൽ ഇപ്പോഴും ഈസ്റ്ററിനെ ഉയിർപ്പ് പെരുന്നാൾ എന്നർത്ഥമുള്ള ക്യംതാ പെരുന്നാൾ എന്ന് വിളിക്കുന്ന പഴയ പതിവും നിലനിൽക്കുന്നു.

ഈസ്റ്റർ തീയതിയുടെ ഗണനം
എല്ലാ വർഷവും ഡിസംബർ ‍25-ന് ആഘോഷിക്കുന്ന ക്രിസ്തുമസിൽ നിന്നും വ്യത്യസ്തമായി ഈസ്റ്ററിന് സ്ഥിരമായ തീയതി ഇല്ല. ഒരോ വർഷവും വ്യത്യസ്ത തീയതികളിലാണ് ഈസ്റ്ററും അതിനോടനുബന്ധിച്ച പീഡാനുഭവ വാരവും ആചരിക്കുന്നത്. എല്ലാ സഭകളും നീസാൻ മാസം 14-ന് ശേഷം വരുന്ന ഞായറാഴ്ച ഉത്ഥാനപ്പെരുന്നാൾ ആയി ആചരിക്കണമെന്ന് ക്രി.വ 325-ൽകൂടിയ നിഖ്യാ സുന്നഹദോസിൽ തീരുമാനമായി. ക്രിസ്തുവിന്റെ മരണം നീസാൻ 14-നായിരുന്നു എന്ന വിശ്വാസമാണ് ഈ നിശ്ചയത്തിന്റെ അടിസ്ഥാനം. വസന്തകാലത്ത് മാർച്ച് -ഏപ്രിൽ മാസങ്ങളിലായിട്ടാണ് നീസാൻ മാസം വരുന്നത്. വസന്തകാലത്ത് സൂര്യൻ ഭൂമദ്ധ്യരേഖയിൽ വരുന്ന ദിവസം അഥവാ വസന്തവിഷുവം (Vernal Equinox) ആയ മാർച്ച് 21-ന് ശേഷം വരുന്ന പൂർണ ചന്ദ്രന് ശേഷം ഉള്ള ആദ്യത്തെ ഞായർ ഈസ്റ്റർ ആയി നിശ്ചയിക്കുന്ന രീതിയാണ് ഇപ്പോൾ ഉള്ളത്. ഈ ഗണനപ്രകാരം ഈസ്റ്റർ വരാവുന്ന ഏറ്റവും നേരത്തെയുള്ള തീയതി മാർച്ച് 22-ഉം ഏറ്റവും വൈകിയുള്ള തീയതി ഏപ്രിൽ 25-ഉം ആണ്. എന്നാൽ ജൂലിയൻ കലണ്ടർ അടിസ്ഥാനപ്പെടുത്തി ആരാധനാവർഷം നിശ്ചയിക്കുന്ന ചില പൗരസ്ത്യ സഭകളിൽ (കലണ്ടറുകൾ തമ്മിലുള്ള 13 ദിവസത്തെ വ്യത്യാസം കാരണം) ഈസ്റ്റർ ദിവസം ഗ്രിഗോറിയൻ കലണ്ടറിലെ ഏപ്രിൽ 4 മുതൽ മേയ് 8 വരെയുളള ഒരു ഞായറാഴ്ചയാണ് ആചരിക്കുന്നത്. 1953-ൽ മലങ്കര സഭ കൂടി ഗ്രിഗോറിയൻ കലണ്ടർ സ്വീകരിച്ചതോടെ കേരളത്തിലെ ബഹുഭൂരിപക്ഷം സഭകളും ഒരേ ദിനമാണ് ഈസ്റ്റർ ആഘോഷിക്കുന്നത്. എന്നാൽ കേരളത്തിലെ കൽദായ സുറിയാനി സഭയടക്കം  ഏകദേശം 20 കോടി ക്രൈസ്തവർ ഇപ്പോഴും ജൂലിയൻ കലണ്ടർ അനുസരിച്ചാണ് ഈസ്റ്റർ തീയതി നിശ്ചയിക്കുന്നത് . 2010-ലെയും 2011-ലെയും ഈസ്റ്റർ ദിനങ്ങൾ രണ്ടു കലണ്ടർ സമ്പ്രദായങ്ങൾ പാലിക്കുന്ന സഭകളിലും ഒരേ ദിനമാണ് ആഘോഷിക്കപ്പെട്ടത്. തുടർച്ചയായ വർഷങ്ങളിൽ ഇതു സംഭവിക്കുന്നത് അപൂർവ്വമാണ്.

മറ്റു വിശേഷങ്ങൾ

▪️അമേരിക്കയിൽ കുട്ടികളുടെ സങ്കൽപ്പത്തിൽ ഭംഗിയുള്ള ഐസ്റ്റർ മുട്ടകൾ കൊണ്ടു വരുന്നത് മുയലുകളാണെന്നാണ്.

▪️ഫ്രെഡറിക് തോംസൺ ചക്രവർത്തി ഈസ്റ്റർ ദിനത്തിൽ പ്രകജകൾക്ക് താറാവു മുട്ടയുടെ ആകൃതിയിൽ ഈസ്റ്റർ മുട്ടകൾ നൽകിയിരുന്നു.

▪️ബെൽജിയത്തിൽ ഈസ്റ്റർ മുട്ടകൾ കുന്നിൻ മുകളിൽ നിന്ന് താഴേക്ക് ഉരുട്ടിക്കളിക്കുന്ന വിനോദമുണ്ട്.

▪️മഹാത്മ ഗാന്ധിയോടൊപ്പം ദീനബന്ധു റവ. സി.എഫ്. ആൻഡ്രൂസ് സബർമതിയിൽ ഈസ്റ്റർ ആഘോഷിച്ചിട്ടുണ്ട്.

▪️ഓസ്ട്രേലിയയിൽ ഈസ്റ്റർ ദിനത്തിൽ സമുദ്രസ്നാനത്തിന് പ്രാധാന്യമുണ്ട്.

▪️തെക്കൻ കൊറിയക്കാർ ഈസ്റ്റർ ഗാനങ്ങൾ ആലപിക്കുന്നതിൽ കീടുതൽ ഉത്സാഹം കാണിക്കുന്നുണ്ട്.

▪️സുമാത്രയിൽ ക്രൂബി ഫ്ലവറിനെ ഈസ്റ്റർ പുഷ്പമായി കണക്കാക്കുന്നു.
Share it:

Other

Post A Comment:

0 comments: